Sunday, May 8, 2011

cinema diary

പ്രിയ നന്ദനന്‍ സംവിധാനം ചെയ്ത ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന പടം കണ്ടു.

മുഖ്യധാരാ വാണിജ്യസിനിമ എന്ന സങ്കേതത്തിലേക്ക് തന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ പറിച്ചുനടാനുള്ള സംവിധായകന്‍ പ്രിയനന്ദനന്റെ ശ്രമം എന്ന നിലയിലും അടുത്തൊന്നും മലയാളം പൊതുവേ ദര്‍ശിക്കാത്ത ആക്ഷേപഹാസ്യത്തിന്റെ പുതിയ തലങ്ങള്‍ തേടുന്ന സിനിമ എന്ന നിലയിലും പുതിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്  "ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്". 


നായകനു ചുറ്റും മേനിക്കൊഴുപ്പ് കാട്ടി കറങ്ങിത്തിരിയുന്ന നായികാ   സങ്കല്‍പ്പത്തില്‍നിന്നും കുതറി മാറാനുള്ള ശ്രമം കാവ്യ മാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഈ സിനിമയില്‍ കാട്ടുന്നുണ്ട്. ക്യാമ്പസ് കാലത്തെ കവിതയും സാംസ്കാരിക പ്രവര്‍ത്തനവും ഓര്‍മയിലേറ്റി ഇന്നിന്റെ അസ്തിത്വദുഃഖത്തില്‍ വല്ലാതെ രോഷം കൊള്ളുന്ന മരുതുപുരം വിശ്വനാണ് (ഇര്‍ഷാദ്) നായകന്‍ . സര്‍ക്കാര്‍ ഓഫീസില്‍ ഗുമസ്തനായ ഇയാള്‍ തീക്ഷ്ണയൗവനകാലത്ത് കടത്തിക്കൊണ്ടു വന്ന് കല്യാണം കഴിച്ച സവര്‍ണ അന്തര്‍ജന സ്ത്രീയാണ് സുമംഗലയെന്ന (കാവ്യ മാധവന്‍) ഭാര്യ. ഓഫീസിലെ വഴിവിട്ട കാര്യങ്ങളില്‍ രോഷാകുലനാകുന്ന വിശ്വന്‍ വൈകിട്ട് മദ്യശാലയുടെ അരണ്ട വെളിച്ചത്തിലാണ് അസ്തിത്വ ദുഃഖങ്ങളാകെ കഴുകിക്കളയുന്നത്. വീടിനൊപ്പം "കേരളവിലാസം" ഹോട്ടല്‍ നടത്തി മിച്ചം കിട്ടുന്നതു കൊണ്ടാണ് സുമംഗലയും ഭര്‍ത്താവിന്റെ അമ്മയും കുടുംബം പുലര്‍ത്തിയത്. ഭര്‍ത്താവിന്റെ നിര്‍ത്താത്ത ലഹരിസേവയും നിരുത്തരവാദിത്തവും അവസാനിപ്പിക്കാനാണ്, സുമംഗല സ്വയം ഭഗവതിയായി ചമയുന്നത്. കുടുംബകാവില്‍ ഉറഞ്ഞാടിയ സുമംഗല ദേവിയായി അവതരിച്ച് ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താന്‍ ആജ്ഞാപിക്കുന്നു. കടുത്ത മധ്യവര്‍ഗ സ്വപ്നങ്ങള്‍ കാണുന്ന, സ്ഥാനത്തും അസ്ഥാനത്തും വഴിതെറ്റിയ സമൂഹത്തിന്റെ നേര്‍ക്ക് പ്രതിഷേധം പ്രകടിപ്പിക്കുന്ന വിശ്വന്‍ ദേവി ആജ്ഞാപിച്ചതോടെ ഉടന്‍ മദ്യപാനം നിര്‍ത്തി മര്യാദരാമനാകുന്നു.


സുമംഗലയെ പതുക്കെ സുമംഗലാദേവിയായി ഗ്രാമം വാഴ്ത്തുകയും നാട് സുമംഗലാപുരമാകുകയും ചെയ്തു. ദൂരത്തുനിന്ന് കാവി പുതച്ച ഭക്തരെത്തി. ആശ്രമത്തിന്റെ അകത്തളങ്ങളില്‍ നടത്തിപ്പുകാരന്റെ മുമ്പില്‍ അമ്മയുടെ വത്സലശിഷ്യകള്‍ക്ക് ശുഭ്രവസ്ത്രത്തിന്റെ മാനം അഴിച്ചിടേണ്ടി വരുന്നു. ഇതിനിടയിലും അമ്മയുടെ വീരകൃത്യങ്ങള്‍ പതുക്കെ പടരുകയാണ്. അമ്മയുടെ വീരകഥകള്‍ മാധ്യമങ്ങളും ഏറ്റുപാടി. വളര്‍ന്നു പൊങ്ങിയ അമ്മയുടെ സ്തുതിഗീതങ്ങള്‍ക്കു മേല്‍ ആശ്രമ നടത്തിപ്പുകാരന്‍തന്നെ കെട്ടിവയ്ക്കുന്ന ബോംബുസ്ഫോടനത്തോടെ അമ്മയെന്ന ദിവ്യാത്ഭുതം അസ്തമിക്കുകയും സുമംഗല വീണ്ടും മധ്യവര്‍ഗ വീട്ടമ്മയായി പരിണമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. അപ്രിയമായത് പോയിട്ട് സമൂഹത്തെ കാര്‍ന്നുതിന്നുന്ന കടുത്ത തിന്മകള്‍ക്കെതിരെപോലും ഒന്നു മനസ്സു തുറക്കാന്‍ അനുവദിക്കാത്ത നമ്മുടെ സമൂഹത്തിന് മുന്നിലേക്കാണ് കടുത്ത വര്‍ണങ്ങളില്‍ നീരാടുന്ന ആള്‍ദൈവങ്ങളുടെ തട്ടിപ്പിന്റെ വര്‍ത്തമാനകഥ ഈ സിനിമ വലിച്ചിടുന്നത്. 


കലാഭവന്‍ മണി, ഇന്ദ്രന്‍സ്, ബാബു അന്നൂര്‍ , ഗീത വിജയന്‍ , വനിത, ശ്രീരാമന്‍ , ജയരാജ് വാര്യര്‍ , അഗസ്റ്റിന്‍ , ജാഫര്‍ ഇടുക്കി, മുല്ലനേഴി തുടങ്ങിയവരുടെ നല്ല അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയില്‍ ഒളിമിന്നുന്നു. കുറെ കാലത്തിനുശേഷം, കലാഭവന്‍ മണിയുടെ സോപ്പ് പതപ്പിക്കാത്ത ഗ്രാമീണറോളും പ്രേക്ഷകര്‍ക്ക് നന്നായി ഇഷ്ടപ്പെടും. 


മുല്ലനേഴിയുടെയും റഫീഖ് അഹമ്മദിന്റെയുമാണ് ഗാനരചന. നടേഷ് ശങ്കര്‍  സംഗീതം. പ്രതാപ് പ്രഭാകറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജഹാംഗിര്‍ ഷംസാണ് നിര്‍മാണം.

No comments:

Post a Comment